ഭാരതി എയർടെലിന് ശേഷം വൈഫൈ കോളിംഗ് ഫീച്ചർ ഒരുക്കി മുകേഷ് അംബാനിയുടെ ജിയോ രംഗത്ത്. നെറ്റ്‌വർക്കിന്റെ സഹായമില്ലാതെ ഓഫീസിലും വീട്ടിലുമുള്ള വൈഫൈ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുത്തി കോള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്.നിലവിൽ പ്രീമിയം സ്മാർട്ഫോണുകളിലും, ഡൽഹി ടെലികോം സർക്കിളിലും മാത്രമേ ജിയോയുടെ ജിയോ വോയ്‌സ് കോളിംഗ് ഓവർ വൈഫൈ നെറ്റ്‌വർക്ക് ഫീച്ചർ ലഭിക്കുകയുള്ളൂ. ഐഫോൺ 11, ഐഫോൺ 11 പ്രൊ, സാംസങ് ഗാലക്‌സി നോട്ട് 10 , സാംസങ് ഗാലക്‌സി S10e തുടനകിയ പ്രീമിയം ഫോണുകളിൽ ഇപ്പോൾ ജിയോ വൈഫൈ കോൾ സേവനം ലഭിക്കും. ഷവോമി, ഓപ്പോ, വിവോ, വൺപ്ലസ് തുടങ്ങിയ ഫോണുകളിലും അധികം വൈകാതെതന്നെ ജിയോ ഈ ഫീച്ചർ അവതരിപ്പിക്കും എന്നാണ് കരുതുന്നത്.വൈഫൈ കോളിങിനായി ഉപയോക്താക്കൾ പുതിയ സിം കണക്ഷനൊന്നും എടുക്കേണ്ട കാര്യമില്ല. വൈഫൈ സൗകര്യമുള്ള എവിടെനിന്ന് വേണമെങ്കിലും കോൾ ചെയ്യാനാകും. വോൾട്ടി വെച്ച് താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഓഡിയോ ക്വാളിറ്റിയും, മികച്ച കോൾ-സെറ്റ്-അപ് സമയവുമാണ് വോയ്‌സ് ഓവര്‍ വൈഫൈയ്ക്കുള്ളത് എന്നാണ് പറയുന്നത്.